കൊല്ലം: ചാത്തിനംകുളത്ത് ഹോം വർക്ക് ചെയ്തില്ലെന്ന കാരണത്താൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ തുട അടിച്ചു പൊട്ടിച്ച് അധ്യാപകൻ. ചാത്തിനാംകുളം എംഎസ്എം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്.
ഡിസംബർ 11 നായിരുന്നു സംഭവം. കുട്ടിയുടെ കൈകൾ രണ്ടും ഡസ്കിന് പുറത്ത് പിടിച്ചു വെച്ച ശേഷം പിൻഭാഗത്തായി പല തവണ അടിയ്ക്കുകയായിരുന്നു. കരയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രാകൃത രീതിയിലുള്ള മർദനമുറ.
വീട്ടിലെത്തിയ കുട്ടിയെ രക്ഷിതാവ് കുളിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് തുട പൊട്ടി ചോരയൊലിച്ചതായി കണ്ടത്. ഉടൻ തന്നെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ചൈൽഡ് ലൈനിലും പരാതി നൽകി.
എന്നാൽ അഞ്ചു ദിവസം പിന്നിട്ടിട്ടും അന്വേഷണം പോലും കാര്യമായി നടക്കുന്നില്ലെന്നാണ് രക്ഷിതാവിന്റെ ആരോപണം. ഇതിനിടെ പരാതി പിൻവലിക്കാൻ സ്കൂൾ അധികൃതർ സമ്മർദം ചെലുത്തുകയാണന്നും രക്ഷിതാക്കൾ പറയുന്നു.
കടുത്ത മാനസിക സമ്മർദത്തിലാണ് കുട്ടി. മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കുമടക്കം വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. വിഷയം ഏറ്റെടുത്ത് വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Tags
kollam

