കുപ്രസിദ്ധ മോഷ്ടാവ് പരാതി കുട്ടപ്പൻ പിടിയിൽ

ചവറ തെക്കുംഭാഗം സ്വദേശി'പരാതി കുട്ടപ്പന്‍' പിടിയില്‍.സൈക്കിളില്‍ കറങ്ങും, ഹാര്‍ഡ് ഡിസ്ക് അടക്കം നശിപ്പിച്ച്‌ മടക്കം, കടലില്‍ ചാടിയിട്ടും വിട്ടില്ല, 
കുറത്തികാട്, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധികളിലെ കടകളില്‍ വ്യാപകമായി മോഷണം നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.

കൊല്ലം ചവറ തെക്കുംഭാഗം മുരിങ്ങവിളയില്‍ വീട്ടില്‍ ഷാജി എന്ന മധു (57) വിനെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. 'പരാതി കുട്ടപ്പന്‍' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കായംകുളം-പുനലൂർ റോഡിന് സമീപമുള്ള കടകളില്‍ ഇയാള്‍ മോഷണം നടത്തിവരികയായിരുന്നു. ഈ മാസം 14-ന് കറ്റാനത്തിന് സമീപമുള്ള ഹോട്ടലിന്റെ മുൻവാതില്‍ തകർത്ത് പണവും മൊബൈല്‍ ഫോണുകളും കവർന്നു. സമാനരീതിയില്‍ മോഷണങ്ങള്‍ വർധിച്ചതോടെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എംപി മോഹനചന്ദ്രൻനായർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എംകെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

കടലില്‍ ചാടി രക്ഷപ്പെടാൻ ശ്രമം

പകല്‍ സമയങ്ങളില്‍ നീണ്ടകര ഹാർബറില്‍ തങ്ങുന്ന പ്രതി രാത്രി ബസ്സില്‍ മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തി സൈക്കിളില്‍ കറങ്ങി നടന്നാണ് കൃത്യം നടത്തിയിരുന്നത്. സിസിടിവി ഉള്ള സ്ഥാപനങ്ങളില്‍ മോഷണം നടത്തിയശേഷം ഹാർഡ് ഡിസ്ക് നശിപ്പിക്കാറാണ് പതിവ്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ മോഷണം നടത്തിയതിന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും മോഷണം തുടങ്ങിയത്. ഒരാഴ്ചയോളം നീണ്ട രഹസ്യ അന്വേഷണത്തിനൊടുവില്‍ നീണ്ടകര ഹാർബർ ഭാഗത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. പൊലീസിനെ കണ്ട് ഓടിയ പ്രതി കടലില്‍ ചാടിയെങ്കിലും സമീപത്തുണ്ടായിരുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.
കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ചവറ, ശക്തികുളങ്ങര, തെക്കുംഭാഗം, ഓച്ചിറ, നൂറനാട്, കുറത്തികാട് പൊലീസ് സ്റ്റേഷനുകളിലായി 25 ഓളം മോഷണക്കേസുകളില്‍ പ്രതിയാണ്. കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ എവി ബിജു, എസ്‌ഐ വി ഉദയകുമാർ, എഎസ്‌ഐമാരായ രാജേഷ് ആർ നായർ, രജീന്ദ്രദാസ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുണ്‍ ഭാസ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു..


Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال