VVRA വർക്കല വെഹിക്കിൾ റെന്റൽ അസോസിയേഷൻ
വർക്കല: VVRA (Varkala Vehicle Rental Association) യുടെ അടിയന്തര യോഗം വർക്കല വ്യാപാരി വ്യവസായ സമിതി ഓഫീസിൽ ചേർന്നു. യോഗത്തിൽ അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും, നിയമാനുസൃതമായി ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന വാഹന വാടക സ്ഥാപനങ്ങൾക്കെതിരെ അനധികൃതമായി പ്രവർത്തിക്കുന്ന ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഭീഷണികളും ഗുണ്ടായിസ പ്രവർത്തനങ്ങളും ശക്തമായി ചർച്ച ചെയ്തു.
അസോസിയേഷനിലെ ഒരു അംഗത്തിന്റെ സ്ഥാപനത്തിന് നേരെ സമീപകാലത്ത് ഉണ്ടായ ഗുണ്ടായിസ നടപടികളും ഭീഷണിപ്പെടുത്തലുകളും യോഗം ശക്തമായി അപലപിച്ചു. നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടുത്താനും ഭീതിയുണ്ടാക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവണതകൾ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് യോഗം ആവശ്യപ്പെട്ടു. വർക്കലയിൽ ലൈസൻസ് ഇല്ലാതെ അനധികൃതമായി സ്കൂട്ടർ വാഹന വാടക സേവനങ്ങൾ നടത്തുകയും, നിയമം പാലിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് സമ്മർദ്ദവും ആക്രമണ സ്വഭാവമുള്ള പ്രവർത്തനങ്ങളും നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന പരിശോധനയും നടപടിയും വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
വർക്കലയിലെ ടൂറിസം മേഖലയുടെയും വാഹന വാടക മേഖലയുടെയും വിശ്വാസ്യത സംരക്ഷിക്കുന്നതിനായി നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ സുരക്ഷയും പിന്തുണയും സർക്കാർ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ VVRA ഭാരവാഹിളും എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
Tags
വർക്കല

