സംസ്ഥാനത്ത് മിൽമ പാലിന്റെയും തൈരിന്റെയും പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ


സംസ്ഥാനത്ത് മിൽമ പാലിന്റെയും തൈരിന്റെയും പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പാൽ ഉൽപ്പാദനച്ചെലവ് വലിയ രീതിയിൽ വർധിച്ച സാഹചര്യത്തിൽ, ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വർധിപ്പിച്ച തുകയുടെ 83 ശതമാനത്തിലധികവും നേരിട്ട് ക്ഷീരകർഷകർക്ക് തന്നെ ലഭിക്കുന്ന രീതിയിലാണ് പുതിയ വിലഘടന തയ്യാറാക്കിയിട്ടുള്ളത്. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ വിവിധയിനം പാൽ കവറുകൾക്ക് ഇന്ന് മുതൽ ഉയർന്ന നിരക്ക് നൽകേണ്ടി വരും. അര ലിറ്ററുള്ള മഞ്ഞ കവറിൽ ലഭിക്കുന്ന പാലിന്റെ വില 25 രൂപയിൽ നിന്ന് 27 രൂപയായി ഉയർന്നു. നീല, ഓറഞ്ച് കവർ പാലിന് അര ലിറ്ററിന് 28 രൂപയിൽ നിന്ന് 30 രൂപയായാണ് വർധിക്കുക. പച്ച കവറിലുള്ള മിൽമ റിച്ച് സ്റ്റാൻഡേർഡ് പാലിന് മൂന്ന് രൂപ വർധിച്ച് പുതിയ വില 32 രൂപയാകും.പാലിനും തൈരിനും പുറമെ മറ്റ് പാൽ ഉൽപന്നങ്ങൾക്കും ഇതിന് ആനുപാതികമായി വില വർധിക്കുന്നതാണ്. അതേസമയം, നിലവിലുള്ള പാൽ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ കവറുകളിൽ പഴയ വില തന്നെയാകും അച്ചടിച്ചിട്ടുണ്ടാവുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇക്കാര്യം പ്രത്യേകം ഓർമപ്പെടുത്തുന്നത്.ക്ഷീരകർഷകരെ ഈ മേഖലയിൽ തുടർന്നും നിലനിർത്തുന്നതിന് വില വർധനവ് അനിവാര്യമാണെന്നാണ് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കുന്നത്. വർധിപ്പിച്ച തുകയുടെ സിംഹഭാഗവും നേരിട്ട് കർഷകർക്ക് തന്നെ നൽകാനാണ് മിൽമയുടെ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടുമ്പോഴുണ്ടാകുന്ന മൊത്തം വർധനയുടെ 83.75 ശതമാനവും കർഷകർക്ക് തന്നെയാണ് ലഭിക്കുക.വർധിപ്പിച്ച നാല് രൂപയിൽ 3.35 രൂപ നേരിട്ട് ക്ഷീര കർഷകർക്കും, 25 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കുമെന്ന് മിൽമ മാനേജ്‌മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. കാലിത്തീറ്റ വിലയുൾപ്പെടെ ഉൽപ്പാദനച്ചെലവ് കുതിച്ചുയർന്ന പശ്ചാത്തലത്തിൽ പുതിയ പാൽവില വർധനവ് കർഷകർക്ക് സാമ്പത്തികമായി വലിയൊരാശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال