വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷത്തോളം രൂപ തട്ടിയ യുവതികൾ അറസ്റ്റിൽ.
കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം കെആർആർഎ 192 ഫെഡ് ഫോർട്ടിൽ രഹ്ന (40), സുഹൃത്ത് മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം മംഗലശേരിയിൽ ജയസൂര്യ (41) എന്നിവരാണ് അറസ്റ്റിലായത്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന എസ്പികെ ജോബ് കൺസൾട്ടൻസി വഴിയായിരുന്നു തൊഴിൽ തട്ടിപ്പ്. വിദേശത്ത് സർക്കാർ –അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത് 25 ലക്ഷം രൂപയോളം ഇവർ തട്ടിയതായി പൊലീസ് പറഞ്ഞു. സ്റ്റേഷൻകടവ് സ്വദേശിയായ യുവതിയിൽനിന്ന് എട്ട് ലക്ഷവും കീരിക്കാട് സ്വദേശിയായ യുവാവിൽനിന്ന് യുകെയിലെ കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് നാല് ലക്ഷവും യുകെയിൽ ജോബ് വിസ നൽകാമെന്ന് പറഞ്ഞു വട്ടപ്പാറ സ്വദേശിയിൽനിന്ന് ആറ് ലക്ഷവും കഴക്കൂട്ടം സ്വദേശിയിൽനിന്ന് സർക്കാർ സ്ഥാപനത്തിൽ ക്ലർക്കായി ജോലി നൽകാമെന്ന് പറഞ്ഞ് ആറ് ലക്ഷവുമാണ് തട്ടിയത്. ഇവരുടെ പരാതിയിൽ അറസ്റ്റ് ചെയ്‌ത പ്രതികളെ റിമാൻഡ് ചെയ്തു"
Tags
KANNUR

