"കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കൊലപ്പെടുത്തി. കൊല്ലം ചവറ വട്ടത്തറയിൽ ഇന്ന് രാത്രിയോടെയാണ് സംഭവം. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയുടെ മൃതദേഹം കട്ടിലിനടയിൽ നിന്നാണ് കണ്ടെത്തിയത്. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിനുശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും യുവാവിനെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു.
വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോള്‍ ഷഹനാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷഹനാസിന്‍റെ മാതാവ് പുറത്തുപോയ സമയത്തായിരുന്നു സംഭവം. മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ മുത്തശ്ശിയെ കാണാത്തതിനെതുടര്‍ന്ന് ഷഹനാസിനോട് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുലേഖ ബീവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരിയുടെ പുറത്തുള്ള കൊലപാതകമാണോയെന്നതടക്കമുള്ള കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

