മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നൽകാൻ തീരുമാനമായതായി സൂചന. ഇന്നലെ രാത്രി കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചെന്നിത്തലയെ അനുനയിപ്പിക്കണമെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നിർദേശത്തിന് പിന്നാലെയായിരുന്നു കെ.സി - ദീപാ ദാസ്മുൻഷി ചർച്ച. ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനം അംഗീകരിക്കണമെന്ന സന്ദേഷം എഐസിസി നേതൃത്വം വി.ഡി സതീശനും കൈമാറിയിട്ടുണ്ട്. സീനിയർ നേതാവ് എന്ന നിലയിൽ ചെന്നിത്തലയെ പൂർണമായി അവഗണിക്കുന്ന ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വകുപ്പ് വേണമെന്ന കടുംപിടുത്തത്തിൽ നിന്ന് വി.ഡി സതീശനും പിന്മാറിയെന്നാണ് വിവരം. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് തയാറാവാൻ പാർട്ടി നേതൃത്വം നിർദേശിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിപദം നഷ്ടമായെങ്കിലും പുതിയ മന്ത്രിസഭയിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സി വേണുഗോപാൽ. തനിക്കൊപ്പമുള്ള എട്ട് പേരെയാണ് കെ.സി വേണുഗോപാൽ മന്ത്രിസഭയിലേക്ക് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും പേരെ നിർദേശിക്കുന്നതിൽ വി.ഡി പക്ഷം കടുത്ത അതൃപ്തിയിലാണ്. സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവർക്കൊപ്പം എൻ.ശക്തൻ, ഓ.ജെ ജനിഷ് എന്നിവരുടെ പേരുകളും കെ.സി പക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. തനിക്കൊപ്പം അൻവർ സാദത്തിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവർ അടക്കം നാലുപേരെ വി.ഡി സതീശനും മന്ത്രിസഭയിലേക്ക് നിർദേശിച്ചിട്ടുണ്ട്. ഇതിൽ കെ.മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കും. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാൻ ഉറപ്പിച്ചാൽ അൻവർ സാദത്തിനെ പരിഗണിക്കാൻ സാധ്യതയില്ല. ഇന്നും വൈകിട്ടോടെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ആണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.