കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിന് മുന്നിൽ നടന്ന് നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതി അവസാനം പോലീസ് പിടിയിലായി
കന്യാകുമാരി തക്കല സ്വദേശിയായ ബിജു വിനെയാണ് തമിഴ്നാട് വാൽപാറയിൽ നിന്ന് പൊലീസ് പിടികൂടിയത്.
കമ്മീഷണർ ഓഫീസിൽ നിന്ന് വെറും 100 മീറ്റർ അകലെ ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം 25നായിരുന്നു നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.
കമ്മീഷണർ ഓഫീസിൽ നിന്ന് വെറും 100 മീറ്റർ മാത്രം അകലെയുള്ള കടമുന്നിൽ കിടന്നുറങ്ങുകയായിരുന്ന മുണ്ടയ്ക്കൽ സ്വദേശിയായ രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്.
ലോട്ടറി വിൽപനക്കാരനായിരുന്ന രാജേന്ദ്രൻ വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. രാത്രി സമയങ്ങളിൽ കൃത്യം നടന്ന കടക്ക് മുന്നിലാണ് ഇയാൾ താമസിച്ചിരുന്നത്.
കഴുത്തിൽ തുണി മുറുക്കി ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം. മരണം ഉറപ്പാക്കാനായി മുഖത്ത് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും തുടർന്ന് സമീപത്തെ പൈപ്പിൽ മൃതദേഹം കെട്ടിയിടുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കൊലപാതകത്തിന് ശേഷം പ്രതി നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് തമിഴ്നാട്ടിൽ നിന്ന് വിജു പിടിയിലാകുന്നത്.
പണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Tags
കൊല്ലം

