തിരുവനന്തപുരം: പ്രണയിച്ച പെണ്‍കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തോന്നയ്ക്കല്‍ ലാല്‍ഭാഗ് നഗർ ഉഷഭവനില്‍ കിരണ്‍ (27) ആണ് മരിച്ചത്.
പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി പ്രചരിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കിരൺ ഉൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ താൻ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നും, താനറിയാതെ ഫോണിൽ നിന്നും മറ്റാരെങ്കിലും ദൃശ്യങ്ങൾ എടുത്തതാണോ എന്ന് സംശയമുണ്ടെന്നും കിരൺ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
കേസെടുത്തതിന് പിന്നാലെ ഭയന്ന് സുഹൃത്തിൻ്റെ വീട്ടിൽ മാറി നിൽക്കുകയായിരുന്ന കിരണിനെ, അവിടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Tags
തിരുവനന്തപുരം

