വർക്കലയുടെ ചിരകാല ആവശ്യമായിരുന്ന പൊതുശ്മശാനം യാഥാർഥ്യമായി. വർക്കല നഗരസഭ നിർമിച്ച പുതിയ ആധുനിക വാതകശ്മശാനം 'വിമുക്തി' പൊതു ശ്മശാനം മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു.
വർക്കല കണ്വാശ്രമം പ്രദേശത്ത് നഗരസഭയുടെ മാലിന്യസംസ്കരണ പ്ലാൻ്റിനു സമീപം നഗരസഭ വിലയ്ക്കുവാങ്ങിയ 60 സെന്റ് സ്ഥലത്താണ് ശ്മശാനം നിർമിച്ചിരിക്കുന്നത്. 2.20 കോടി രൂപ ചെലവഴിച്ച് 455.89 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമാണം പൂർത്തീകരിച്ചത്. ഒരേസമയം രണ്ട് സംസ്കാരങ്ങൾ നടത്താൻ സൗകര്യമുള്ള ഡബിൾ ചാനൽ ഗ്യാസ് ബർണർ സംവിധാനമാണ് ഇവിടെയുള്ളത്. പരമ്പരാഗതമായ ചിതാഗ്നി സംസ്ക്കാര രീതികളെ അപേക്ഷിച്ച് പൂർണമായും ഗ്യാസ് ബർണർ സാങ്കേതികതയെ അടിസ്ഥാനമാക്കിയാണ് പുതിയ ശ്മശാനം. മലിനവാതകങ്ങളുടെ ഉത്പാദനം ഗണ്യമായി കുറച്ച് പരിസ്ഥിതിസൗഹൃദമായാണ് പ്രവർത്തനം. നല്ല ഉയരമുള്ള പുക ക്കുഴൽ, ആധുനിക ബർണർ യൂണിറ്റ്, വൈദ്യുത സംവിധാനങ്ങൾ, വാതകസുരക്ഷാ സംവിധാനം, ശുചിത്വം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംസ്കാരത്തിനുശേഷം അസ്ഥിശേഖരണത്തിനും പ്രത്യേക സംവിധാനമുണ്ട്. സംസ്ക്കാരച്ചടങ്ങിന് ഹാളിനുള്ളിൽ അഞ്ഞൂറുപേരെ ഉൾക്കൊള്ളാനാകും. വിശാലമായ പാർക്കിങ് സംവിധാനം, സിസിടിവി, പുൽത്തകിടി, പൂന്തോട്ടം എന്നിവയുമുണ്ട്. നഗരസഭയിൽ മാത്രമല്ല, സമീപ പഞ്ചായത്തുകളിലുള്ളവർക്കും ഉപയോഗപ്രദമാകും. മിതമായ നിരക്കാണ് നഗരസഭ ആലോചിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് തടസ്സങ്ങൾ നീങ്ങി നിയമപരമായ അനുമതി ലഭിച്ചത്. ഒക്ടോബറിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച് ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കാനും സാധിച്ചു. വർക്കലയിൽ പൊതുശ്മശാനത്തിൻ്റെ അഭാവംകാരണം നിലനിന്ന സാമൂഹിക പ്രശ്നത്തിന് ഇതോടെ ശാശ്വത പരിഹാരം ആകും.
Tags
VARKALA

