തദ്ദേശ തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ല: ഒരുക്കങ്ങൾ പൂർണം



തദ്ദേശ തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ല: ഒരുക്കങ്ങൾ പൂർണ്ണം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി.  രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു മണിവരെയാണ് പോളിംഗ് സമയം. രാവിലെ ആറ് മണി മുതൽ മോക്ക് പോൾ ആരംഭിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയായി. ആകെ 19 കേന്ദ്രങ്ങളിലായിട്ടാണ് ക്രമീകരിച്ചിരുന്നത്.  വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യാൻ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 11 വിതരണ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. മുനിസിപ്പാലിറ്റി തലത്തിലും കോർപ്പറേഷൻ തലത്തിലും നാല് വീതം വിതരണ കേന്ദ്രങ്ങളും ക്രമീകരിച്ചിരുന്നു. 

ഉദ്യോഗസ്ഥർക്ക് നൽകിയ പോസ്റ്റിംഗ് ഓർഡറിൽ കൗണ്ടർ നമ്പർ, പോളിംഗ് സ്റ്റേഷനിൽ എത്തേണ്ട വാഹനത്തിന്റെ നമ്പർ, റൂട്ട് ഓഫീസറെ ബന്ധപ്പെടേണ്ട നമ്പർ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.  ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യമായാണ് പോസ്റ്റിംഗ് ഓർഡറിൽ ഇത്തരം വിവരങ്ങൾ ലഭ്യമാക്കിയത്.
ജില്ലയിൽ ആകെ 3264 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ  രോഗികൾ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണനയും സൗകര്യവും ഒരുക്കിയിട്ടുള്ള മോഡൽ പോളിംഗ് സ്റ്റേഷനുകൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വീൽചെയറുകൾ, വോട്ടർമാർക്ക് ഇരിക്കുവാൻ സൗകര്യം, കുടിവെള്ളം, വൃത്തിയുള്ള ടോയ്ലറ്റുകൾ, പ്രഥമശുശ്രൂഷ നൽകുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയാണ് മോഡൽ പോളിംഗ് സ്റ്റേഷനുകളുടെ പ്രത്യേകത. 

പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഉൾപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കുമെന്നതാണ് പിങ്ക് സ്റ്റേഷനുകളുടെ പ്രത്യേകത. ഇത്തരം ബൂത്തുകൾ പെട്ടെന്ന് തിരിച്ചറിയുന്നതിനായി പിങ്ക് നിറത്തിലുള്ള ബലൂണുകൾ, കർട്ടനുകൾ, ടേബിൾ ക്ലോത്തുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കും. ചെറിയ കുട്ടികളുമായി വരുന്ന അമ്മമാർക്ക് ഇരിപ്പിട സൗകര്യം സജ്ജമാക്കും. വനിതാ കന്നിവോട്ടർമാരെ പ്രത്യേകം സ്വീകരിക്കുന്നതിനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

മൊബൈൽ സെൽഫി പോയിന്റുകൾ അടക്കമുള്ള യംഗ് പോളിംഗ് സ്റ്റേഷനുകൾ യുവാക്കളായ പോളിംഗ് സംഘമാണ് കൈകാര്യം ചെയ്യുക. വോട്ട് രേഖപ്പെടുത്തിയ ശേഷം ഫോട്ടോ എടുക്കുന്നതിനായി പ്രത്യേക മൊബൈൽ സെൽഫി പോയിന്റുണ്ടാവും. ജില്ലയിലെ 90 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 2992 പുരുഷന്മാർ, 3317 സ്ത്രീകൾ, ഒരു ട്രാൻസ്‌ജെൻഡർ ഉൾപ്പെടെ ആകെ 6310 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിന് വേതനത്തോടു കൂടിയ അവധി നൽകാൻ ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. 

ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ പോളിംഗ് സ്റ്റേഷനുകൾ ജില്ലാകളക്ടർ അനു കുമാരി സന്ദർശിച്ചു. പോളിംഗ് സ്‌റ്റേഷനുകൾ സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയ ശേഷം ആശംസകളും അറിയിച്ചാണ് കളക്ടർ മടങ്ങിയത്.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال